Saturday, 25 May 2013

ഇന്നത്തെ മഴ നാളത്തെയും


ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വെള്ളം മുറ്റത്തുതന്നെ കെട്ടിക്കിടക്കുമ്പോള്‍ അമ്മ ഒരു ചെറിയ മണ്‍വെട്ടിയുമായി വെള്ളത്തിന്‌ പോകാന്‍ വഴിയുണ്ടാക്കുന്നു. നനഞ്ഞ മണ്ണിലെ ചെറിയ ഉറുമ്പുകൂടുകളില്‍ നിന്നും ഈയാമ്പാറ്റകള്‍ പറന്നുയരുന്നു.ഞാന്‍ ഇരുപത്തഞ്ചു വരെ എണ്ണി യപ്പോളെക്കും ഈയാമ്പാറ്റകള്‍ തീര്‍ന്നു പോയി. ബാക്കിയുള്ളതൊക്കെ എന്‍റെ കണ്ണില്‍പ്പെടാതെ പറന്നു പോയിക്കാണും. പഴയതെല്ലാം അതുപോലെ തന്നെ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഞാന്‍ മൂന്നു കടലാസുകപ്പല്‍ ഉണ്ടാക്കി മുറ്റത്തിട്ടു . മഴ ഒട്ടും മാറിയിട്ടില്ല..എല്ലാം പഴയ പോലെ തന്നെ. പക്ഷേ ഞാന്‍ വലിയ കുട്ടിയായിരിക്കുന്നു... ആ ചെളിവെള്ളത്തില്‍ ഓടിക്കളിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. എങ്കിലും മഴ പെയ്യുന്നുണ്ടല്ലോ.. കുടയെടുക്കാന്‍ മറന്നെന്ന പേരില്‍ ഇടക്ക് എപ്പളെങ്കിലും മഴ നനയാം. മഴ വെള്ളം കെട്ടിക്കിടക്കുന്ന ടാര്‍ റോഡിലൂടെ നല്ല സ്പീഡില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വശത്തേക്ക് തെറിക്കുന്ന വെള്ളത്തിന്‍റെ അത്ര ഭംഗി ഒരു വെള്ളചാട്ടത്തിനുമില്ല . മഴ ഇങ്ങു വന്നപ്പളെക്കും എനിക്ക് വട്ടായോ എന്തോ...അത് മാതിരി ഒരു ആക്രാന്തം ...എന്നാലും ഒരു രസമുണ്ട്..

Saturday, 18 May 2013

about my beloved friends....

മനുഷ്യജന്മം ഏറെ ശ്രേഷ്ഠമായതാണെന്ന് ഒരുപാട് കേട്ടിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണാവോ? ഞാന്‍ നോക്കിയിട്ട് ഒന്നും കാണുന്നില്ല. ചെലപ്പോ എന്റെ നോട്ടത്തിന്‍റെ കുഴപ്പമായിരിക്കും. ഇപ്പൊ എന്‍റെ കണ്ണില്‍ ഏറ്റവും നല്ലത് ഉറുമ്പുകളും കൊതുകുകളും പിന്നെ പല്ലികളുമാണ്. ഈ പുനര്‍ജ്ജന്മം എന്നൊക്കെ പറയുന്നത് നേരാണേല്‍ അടുത്ത ജന്മത്തില്‍ ഇതില്‍ ഏതെങ്കിലും ഒന്നായി ജനിക്കണം .എന്നിട്ട് പിന്നേം മനുഷ്യനായി ജനിക്കണം. നിങ്ങളെല്ലാവരോടും ശെരിക്കുള്ള സംഗതി എന്താണെന്ന് പറഞ്ഞു തരാന്‍ . ഇതൊക്കെ ഇപ്പൊ ഇവിടെ പറയുന്നതെന്തിനാണെന്നറിയോ?.....

എല്ലാരും അവരവരുടെ നല്ല സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെപ്പറ്റിയും ഒക്കെ പറയാറില്ലേ.. അതുപോലെതന്നെ ... എന്‍റെ എക്കാലത്തെയും മികച്ച കൂട്ടുകാരാണ് എന്‍റെ മുറിയിലെ കറുത്ത പല്ലിയും പവര്‍കട്ട് സമയത്ത് എനിക്ക് പാട്ട് പാടി തരുന്ന കൊതുകുകളും ചവിട്ടുപടിക്ക് മുന്നിലെ ആ വലിയ ഉറുമ്പുകൂട്ടിലെ എണ്ണമറ്റ ഉറുമ്പുകളും   

Friday, 17 May 2013


മഴക്ക് എപ്പോ വേണെങ്കിലും മറഞ്ഞിരിക്കാം.
കാത്തിരിക്കാനല്ലേ എനിക്ക് കഴിയൂ.. പെയ്യണമെന്നു മഴ തന്നെ വിചാരിക്കണം ....ഓരോ കാറ്റും മഴയുടെ വരവാണോ എന്ന് കാതോര്‍ത്തു കൊണ്ട് ജനാലകള്‍ ഒന്നും അടച്ചിടാതെ കാത്തിരിക്കാന്‍ തുടങ്ങീട്ട് നാളുകളായി.. ഇപ്പോളും സമയമായില്ല പോലും.
ഇതെല്ലാം ഞാന്‍ കണക്കു വക്കുന്നുണ്ട് ..
കാത്തിരുന്ന ഓരോ നിമിഷത്തെയും പ്രണയം നീ എനിക്കൊരുമിച്ച് നല്‍കേണ്ടി വരും. പെയ്യാതെ മടിഞ്ഞു നിന്ന ഈ വേനലിന് പകരമായി എന്‍റെ കരള്‍ തണുക്കും വരെ പെയ്യാന്‍ തയ്യാറായിക്കോളൂ ..

Sunday, 28 April 2013

എന്‍റെ മഴയ്ക്ക് .....



ഏറെ നീണ്ട ഒരു വിരഹം .പാതി വഴിയില്‍ പരിഭവം അവസാനിപ്പിച്ച് മഴ എന്നെ തേടി വരുമെന്ന പ്രതീക്ഷയില്‍ വെയിലിനെ ഞാന്‍ വെറുതെ നോക്കിക്കൊണ്ടിരുന്നു. സ്നേഹം എല്ലാത്തിനും മീതെ വളര്‍ന്നു പന്തലിച്ചിരുന്നു.പെയ്യാത്ത മഴക്കായുള്ള കാത്തിരുപ്പ് എന്നില്‍ അല്പം പോലും ദേഷ്യം ഉണ്ടാക്കിയില്ല. കാത്തിരുപ്പിനു ശാന്തത ഒരു തരം ധ്യാനത്തിന്‍റെ ഭാവം നല്‍കി.എന്നായാലും മഴ പെയ്യും എന്ന വിശ്വാസത്തില്‍ മനസ്സ് അചഞ്ചലമായിരുന്നു .ആ നിമിഷം ഏറെ നേരത്തെയായാലും ഏറെ വൈകിയാലും ഞാന്‍ അതില്‍ പൂര്‍ണ തൃപ്തയുമായിരുന്നു.
എന്നിട്ടും മഴ എന്നോട് അരിശപ്പെട്ടുകൊണ്ടിരുന്നു. വലിയ കാറ്റ് ആഞ്ഞു വീശിയപ്പോള്‍ മഴ എത്തി എന്ന് തെറ്റിദ്ധരിച്ച് ഞാന്‍ ഓടി മുറ്റത്തെത്തി. നിലാവിനെ മായ്ച്ചു കളയുന്ന കുറെ ഇരുണ്ട  മേഘങ്ങള്‍ മാത്രമായി മഴക്കെന്നോടുള്ള അരിശം ചുറ്റിലും പരന്നു കിടന്നു. ആ ഗര്‍വിന്‍റെ ഭാവത്തെ ഒരു പുഞ്ചിരിയോടെയാണ് ഞാന്‍ നോക്കിയത്.
എന്‍റെ മാത്രമായ മഴ, എന്നോടല്ലാതെ വേറെ ആരോട് പരിഭവം കാണിക്കും എന്ന ബോധമാണ് എന്നില്‍ നിറഞ്ഞു നിന്നത്.
എത്രയേറെ വാശി കാണിച്ചാലും ഒടുവില്‍ എന്‍റെയടുത്തെതാതിരിക്കാന്‍ മഴക്ക് കഴിയില്ലെന്നുറപ്പിച്ച് പറയാന്‍ എനിക്കാകും .
ഇലത്തുമ്പുകളിലും ഇറക്കാലിയിലും പെയ്തിറങ്ങുന്ന മഴക്കായി ഞാന്‍ ജാലകങ്ങള്‍ തുറന്നിട്ടു .
എന്നത്തേയും പോലെ അഴിച്ചു പരത്തിയിട്ട മുടിയും മഷിയെഴുതിയ കണ്ണുകളും കുപ്പിവളകള്‍ അണിഞ്ഞ കൈകളുമായി രാത്രി മുഴുവന്‍ ഞാന്‍ മഴയെ കാത്തിരുന്നു.
മഴയാകട്ടെ എന്നോട് പിണങ്ങി ഏതോ മലഞ്ചെരിവുകളില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ഞാന്‍ ഇവിടെ കടല്‍തീരത്ത് അനാദിയായ പ്രണയത്തിന്‍റെ  തപസ്സിലും.......
*********************************************************************************************************
ഒട്ടും തന്നെ പരിഭവം കാട്ടാതെ മനസ്സ് നിറയെ സ്നേഹവുമായാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത് .ഇടക്കെപ്പോഴെങ്കിലും മഴ എന്നെ കാണാനെത്തുമെന്ന്‍ പ്രതീക്ഷിക്കാനോ പ്രതീക്ഷിക്കാതിരിക്കാനോ ഞാന്‍ മുതിര്‍ന്നില്ല. ആശയുണ്ടായിട്ടും ഒന്നും സംസാരിക്കാനും മുതിര്‍ന്നില്ല. മനസ്സ് ഏറെ പാകപ്പെട്ട അവസ്ഥയിലായിരുന്നു. പലപ്പോഴും നിയന്ത്രണമില്ലാതെ കുതിച്ചു പായാറുള്ള എന്‍റെ മനസ്സും ബുദ്ധിയും മഴയ്ക്ക് വേണ്ടി ഏറെ പക്വമായി നിലകൊണ്ടു..
പക്ഷേ സ്നേഹത്തിനു ആ പാകത ഉണ്ടായില്ല. ഒരു അണക്കെട്ടിലെന്ന പോലെ അടങ്ങി കിടക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും സ്നേഹം ആര്‍ത്തലച്ച് ഒഴുകുന്ന നദിയെ പോലെ പാഞ്ഞു കൊണ്ടിരുന്നു. മലമുകളില്‍ ഒളിച്ചിരുന്ന മഴയാകട്ടെ ആ നദിയെ കണ്ടില്ലെന്ന ഭാവത്തില്‍ തിരിഞ്ഞിരുന്നു.
എന്‍റെ പ്രനയമാകട്ടെ നിശബ്ദം ഒഴുകിപ്പടര്‍ന്നുകൊണ്ടേയിരുന്നു. മലയുടെ താഴ്വാരങ്ങളില്‍ നിന്നും ഉന്നതങ്ങളിലേക്ക് പ്രണയം വ്യാപിച്ചു. മഴയുടെ കാല്‍ക്കീഴില്‍ വില്യം കൊല്ലാനുള്ള വെമ്പലോടെ അണഞ്ഞ എന്നെ മഴ ചവിട്ടിയെറിഞ്ഞു. മഴയുടെ ദേഷ്യത്തിന്‍റെ എല്ലാ പ്രകടഭാവങ്ങള്‍ക്ക് മുന്നിലും ഞാന്‍ നിസ്സംഗത പാലിച്ചു കൊണ്ടേയിരുന്നു.
എനിക്ക് മഴ എന്നാല്‍ എന്‍റെ പ്രണയം തന്നെയാണ്.
എന്‍റെ പ്രണയം എന്‍റെ ജീവന്‍ തന്നെയും   .
അതില്ലെങ്കില്‍ ഞാന്‍ ഇല്ലാതാവും
ഞാനുള്ളിടത്തോളം എന്‍റെ പ്രണയവും ഉണ്ടാകും. മഴക്കെപ്പോഴും വന്നണയാനുള്ള ഒരു മടിത്തട്ടായി
എന്നില്‍ പ്രണയം നിറയുമ്പോള്‍ ഒരു അമ്മയെപ്പോലെ ഞാന്‍ നിഷ്കളങ്കയാകുന്നു.ഉള്ളില്‍ സ്നേഹം മാത്രം നിറയുന്നു.സ്ത്രീമനസ്സിനു ഇത്രയേറെ പാകപ്പെടാനാകുമെന്ന തിരിച്ചറിവില്‍ ഞാന്‍ അമ്പരക്കുകയും ചെയ്തു.

രാതിയേറെ വൈകി മഴ പെയ്തിരുന്നു.. ചുറ്റിലുള്ള എല്ലാത്തിനെയും കുളിര്‍പ്പിച്ചു കൊണ്ട് ഒരു നനുത്ത മഴ.. ഉറങ്ങുന്ന എന്നെ ജാലകവാതിലിലൂടെ നോക്കിക്കണ്ട് മഴ മിണ്ടാതെ പോയ്കളഞ്ഞു .
പുലര്‍ച്ചക്ക് നനുത്ത മണ്ണും ഇലത്തുമ്പുകളും എന്നോട് പറഞ്ഞു...
“ നിന്‍റെ പ്രണയം മഴ അറിയുന്നുണ്ട്... നിന്നെ പ്രണയിക്കുന്നുമുണ്ട്.... “  

Thursday, 25 April 2013

കാക്കകള്‍

കോടമഞ്ഞില്‍ പാതി മറഞ്ഞ മലനിരകള്‍ക്കിടയിലൂടെ മൂന്നു കാക്കകള്‍ പറന്നു വന്നു. ഇല പൊഴിഞ്ഞു നിന്ന ഒരു മരത്തിന്‍റെ മഴവെള്ളം ഇറ്റു വീഴുന്ന ഒരു കമ്പില്‍ വന്നിരുന്ന്‍ അവര്‍ പ്രതീക്ഷയോടെ ഉറ്റു നോക്കി. കൂര്‍ത്ത മുനയുള്ള ചോദ്യങ്ങള്‍ കാക്കക്കരച്ചിലുകളായി എവിടെയോ ഉറഞ്ഞു കിടന്നു. അതെല്ലാം കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ മഞ്ഞ് പറന്നു പൊയ്ക്കൊണ്ടിരുന്നു.

നാളുകളായി വളര്‍ന്നു വരുന്ന വിശപ്പ് സഹിക്കാനാകാതെ പരേതരുടെ ആത്മാക്കള്‍ കുഴിമാടങ്ങളില്‍ നിന്ന് തലയുയര്‍ത്തി നോക്കി. ദൂരെ വളവില്‍ വഴി അദൃശ്യമാകുന്നു. പ്രതീക്ഷിക്കുന്ന ആരുടേയും കാലടി ശബ്ദങ്ങള്‍ കേള്‍ക്കുന്നില്ല. ഓരോ വട്ടവും നിരാശയോടെ അവര്‍ കുഴിമാടങ്ങളിലെ സുഖമില്ലാത്ത ഉറക്കത്തിലേക്ക് മടങ്ങി. കാക്കകള്‍  പിന്നെയും പ്രതീക്ഷ കൈ വിടാതെ താഴ്വാരത്തിനു നേരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു . നോക്കിയിരിക്കെ കാലം വര്‍ഷങ്ങളായി വളര്‍ന്നു. ബലിച്ചോറിന്‍റെ ഉപ്പുതട്ടാതെ പുനര്‍ജനിക്കാനാകാതെ പരേതര്‍ കുഴിമാടങ്ങളില്‍ നിന്ന് എപ്പോഴും തലയുയര്‍ത്തി നോക്കി.നിത്യനിദ്രയുടെ കുടിയിരുപ്പുകള്‍ക്ക് മുകളിലൂടെ ചവിട്ടി നടന്നു വന്നവരില്‍ കണ്ട് ഇഷ്ടം തോന്നിയ യൌവ്വനമുറ്റിയ   ജീവനുകളെ അവര്‍ കൂട്ടത്തിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു . ചിലപ്പോള്‍ അപകടങ്ങളായി , ചിലപ്പോള്‍ ആത്മഹത്യകളായി അവര്‍ രോഷം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. അവകാശപ്പെട്ട ഒരുപിടി അന്നത്തിനു വേണ്ടിയാണ് ഈ മുറവിളികളെന്നു ജീവിച്ചിരുന്നവര്‍ക്ക് മനസ്സിലായില്ല.


(തുടരും)