Thursday, 25 April 2013

കാക്കകള്‍

കോടമഞ്ഞില്‍ പാതി മറഞ്ഞ മലനിരകള്‍ക്കിടയിലൂടെ മൂന്നു കാക്കകള്‍ പറന്നു വന്നു. ഇല പൊഴിഞ്ഞു നിന്ന ഒരു മരത്തിന്‍റെ മഴവെള്ളം ഇറ്റു വീഴുന്ന ഒരു കമ്പില്‍ വന്നിരുന്ന്‍ അവര്‍ പ്രതീക്ഷയോടെ ഉറ്റു നോക്കി. കൂര്‍ത്ത മുനയുള്ള ചോദ്യങ്ങള്‍ കാക്കക്കരച്ചിലുകളായി എവിടെയോ ഉറഞ്ഞു കിടന്നു. അതെല്ലാം കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ മഞ്ഞ് പറന്നു പൊയ്ക്കൊണ്ടിരുന്നു.

നാളുകളായി വളര്‍ന്നു വരുന്ന വിശപ്പ് സഹിക്കാനാകാതെ പരേതരുടെ ആത്മാക്കള്‍ കുഴിമാടങ്ങളില്‍ നിന്ന് തലയുയര്‍ത്തി നോക്കി. ദൂരെ വളവില്‍ വഴി അദൃശ്യമാകുന്നു. പ്രതീക്ഷിക്കുന്ന ആരുടേയും കാലടി ശബ്ദങ്ങള്‍ കേള്‍ക്കുന്നില്ല. ഓരോ വട്ടവും നിരാശയോടെ അവര്‍ കുഴിമാടങ്ങളിലെ സുഖമില്ലാത്ത ഉറക്കത്തിലേക്ക് മടങ്ങി. കാക്കകള്‍  പിന്നെയും പ്രതീക്ഷ കൈ വിടാതെ താഴ്വാരത്തിനു നേരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു . നോക്കിയിരിക്കെ കാലം വര്‍ഷങ്ങളായി വളര്‍ന്നു. ബലിച്ചോറിന്‍റെ ഉപ്പുതട്ടാതെ പുനര്‍ജനിക്കാനാകാതെ പരേതര്‍ കുഴിമാടങ്ങളില്‍ നിന്ന് എപ്പോഴും തലയുയര്‍ത്തി നോക്കി.നിത്യനിദ്രയുടെ കുടിയിരുപ്പുകള്‍ക്ക് മുകളിലൂടെ ചവിട്ടി നടന്നു വന്നവരില്‍ കണ്ട് ഇഷ്ടം തോന്നിയ യൌവ്വനമുറ്റിയ   ജീവനുകളെ അവര്‍ കൂട്ടത്തിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു . ചിലപ്പോള്‍ അപകടങ്ങളായി , ചിലപ്പോള്‍ ആത്മഹത്യകളായി അവര്‍ രോഷം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. അവകാശപ്പെട്ട ഒരുപിടി അന്നത്തിനു വേണ്ടിയാണ് ഈ മുറവിളികളെന്നു ജീവിച്ചിരുന്നവര്‍ക്ക് മനസ്സിലായില്ല.


(തുടരും)