Friday, 22 March 2013

ഇല്ലാത്ത കവിത 

കാറ്റേ നീ ശബ്ദങ്ങളെയെല്ലാം ഒപ്പിയെടുക്കുക
ഇതാരും കേൾക്കേണ്ടാത്ത ജല്പനങ്ങൾ
ഇരുട്ടേ നീ കാഴ്ച്ചകളൊക്കെയും മൂടി വയ്ക്കുക
ഇതാരും കാണേണ്ടാത്ത  കാഴ്ച്ചകൾ
ശരീരമേ നീയെന്നെത്തന്നെ മറക്കുക
ഞാൻ ഇവിടെ ഉണ്ടാകേണ്ടാത്ത ആൾ
ഇത് വായിക്കപ്പെടെണ്ടാത്ത കവിത
അക്ഷരങ്ങളെ  നിങ്ങൾ അലിഞ്ഞില്ലാതാവുക
കാരണം എഴുതുമ്പോൾ ഞാൻ നിങ്ങളെ കണ്ടതേയില്ല
ഇത് ഞാൻ കാണാതെഴുതിയ കവിത
അഥവാ ഇല്ലാത്ത കവിത 

Thursday, 21 March 2013

ജീവിതത്തെപ്പറ്റി ഒരുപാട് സ്വപ്നം കാണുന്നവരാണ് കവികളും കലാകാരന്മാരും ...
മരണത്തെപ്പറ്റി അതുപോലെയോ അതിൽ കൂടുതലോ സ്വപ്നം കാണുന്നവരെ ഏതു ഗണത്തിലാ പെടുത്തുക ?
ജീവിച്ചിരിക്കുമ്പോൾ എന്തൊക്കെ ചെയ്യണം എന്നതിനെക്കാളേറെ എങ്ങനെയൊക്കെ മരിക്കാം എന്നാണു കൂടുതൽ ചിന്തിച്ചിട്ടുള്ളത്
ഇത്ര മനോഹരമായ ഭൂമിയും അതിലും മനോഹരങ്ങളായ മനുഷ്യരേയും ഒഴിവാക്കിയിട്ട് ഒന്നും തന്നെ അറിയില്ലെങ്കിലും മരണത്തെ സ്നേഹിക്കുന്നത് തിരിച്ചറിയുമ്പോൾ എനിക്ക് വട്ടാണോ എന്ന് തോന്നാറുണ്ട് . പക്ഷെ അപ്പോളും മാറ്റി ചിന്തിക്കാൻ മനസ്സ് തയ്യാറാകുന്നില്ല എന്നതാണ് രസകരം...




Wednesday, 20 March 2013

ഈ വെള്ളേപ്പം ചുടലും ബ്ലോഗ്‌ എഴുത്തും ഒരുമിച്ച് ചെയ്യുന്ന പരിപാടി കൊള്ളാട്ടോ .... ഒറ്റ അപ്പം പോലും കരിഞ്ഞില്ല.. 
ആതി ഒരു വേദന പോലെ മനസ്സിൽ  നിറയുകയാണ്
എപ്പളൊക്കെയോ ഞാൻ പേടിച്ചിരുന്നു ... അനിവാര്യമായ ഒരു ദുരന്തത്തെ കുറിച്ചുള്ള ഭീതികൾ ... എനിക്കങ്ങനെ നഷ്ടപ്പെടാൻ ഒരു പചപ്പുമില്ല... പക്ഷെ അതൊരു സൂചനയാണ് .. സൈബർ ലോകത്തിന്റെ മായക്കാഴ്ച്ചകളിൽ പെട്ട് എനിക്കുണ്ടായേക്കാവുന്ന ഒരു ദുരന്തത്തിന്റെ സൂചന ... ഇതൊക്കെ കൊണ്ടാണ് ഞാൻ ഈ ബി ടെക് ഡിഗ്രിയോടു ദുർമുഖം കാട്ടുന്നതെന്ന് പറഞ്ഞാൽ അത് സമ്മതിച്ചു തരാൻ ആരും തയ്യാറാവുന്നില്ല എന്നതാണ് കഷ്ടം .

എവിടെയൊക്കെയോ വച്ച് തെറ്റിപ്പോകുന്ന കണക്കുകൂട്ടലുകൾ
താളം തെറ്റുന്ന മണ്ണും വെള്ളവും ..
നഷ്ടപ്പെടുന്ന സംഗീതം
എന്തോ ഒരു വല്ലാത്ത വേദനയാണ് തോന്നിയത്

മണ്ണിനെയും മഴയെയും പ്രണയിച്ചു പ്രണയിച്ച് മുളങ്കാടുകളുടെ വസന്തതിനൊപ്പം മഴയിൽ അലിഞ്ഞു ചേരാനുള്ള ആശകൾ എന്ന് സഫലമാകുമോ എന്തൊ... 

Tuesday, 19 March 2013

ഓര്‍ഹൻ എന്ന എഴുത്തുകാരനെപ്പറ്റി ..
 വെല്ലുവിളികളോടുള്ള വാശി ... അങ്ങനെ പറയുന്നതാവും കൂടുതൽ ശരി ..
എനിക്ക് അപരിചിതമായ നാടും സംസ്കാരവും പറഞ്ഞു തന്ന് ഓർഹൻ എന്നെ ഒരു മായാലോകതെക്ക് കൊണ്ട് പോയി,
ഓട്ടോമൻ സാമ്രാജ്യവും സുൽത്താക്കന്മാരും എന്റെ സ്വപ്നങ്ങളിൽ കടന്നു വരാൻ തുടങ്ങി ..
ഇപ്പോൾ ഇസ്താംബുൾ എനിക്കേറെ പരിചയമുള്ള നഗരമായി