Thursday, 27 July 2017


രൂപാന്തരം 

അങ്ങനെ വീണ്ടും കനത്തു പെയ്യുമ്പോൾ
ഞാൻ ഓടി നിന്നിലേക്കിറങ്ങുന്നു
നീയായി മാറാം എന്ന മോഹത്തോടെ
തണുപ്പ് ചോരയിലേക്ക് പടരുന്ന പോലെയും
വെള്ളം മാംസമായി  മാറുന്ന പോലെയും
ശബ്ദം അസ്ഥികളായി രൂപപ്പെടും പോലെയും
രൂപാന്തരമെന്ന പ്രക്രിയ ഞാൻ അനുഭവിക്കുന്നു
ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കുന്ന പ്രക്രിയ
 അതിന്റെ മൂർദ്ധന്യത്തിൽ
 മെല്ലെ ശാന്തത കടന്നു വരുന്നു
പാടിത്തീരുന്ന പാട്ടു പോലെ
മെല്ലെ കടന്നു വരുന്ന നിശ്ശബ്ദതക്കൊടുവിൽ
മഴയായി  തീർന്ന എന്നെ കാണാൻ
കൗതുകത്തോടെ ഞാൻ കണ്ണുകൾ തുറക്കുന്നു
നഞ്ഞൊട്ടിയ കുപ്പായം നോക്കവേ
ഇടിമിന്നലിന്റെ ശബ്ദത്തിൽ നീയെന്നോട് പറയുന്നു
തത്വമസി എന്ന്