ഒന്നും
പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ കിട്ടുന്നതെല്ലാം അതി മധുരമായി തോന്നും. എന്‍റെ
പ്രണയം പോലെ.
പെയ്തിറങ്ങുമ്പോള്‍ നീ
ബാക്കിയാക്കുന്ന തണുപ്പ് പോലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.
നീ മഴയാണ് എന്ന ബോധം മാത്രം
മതിയായിരുന്നു എനിക്ക് ജീവിക്കാന്‍ എന്‍റെയുള്ളിലാണ് നിന്‍റെ ആത്മാവെന്നു ഞാന്‍
വിശ്വസിച്ചു . ഒരു വാക്കോ നോട്ടമോ സ്പര്‍ശമോ ഒന്നുമില്ലാതെ തന്നെ എന്‍റെ പ്രണയം അതിന്‍റെ
പ്രവാഹം തുടങ്ങിയിരുന്നു. അനാദിയില്‍ പെയ്ത വെളുത്ത മഴയെ ചുവപ്പിക്കാന്‍ വേണ്ടുന്നത്ര
പ്രണയം എന്‍റെ ഓരോ തുള്ളി രക്തത്തിലും ജീവിക്കുന്നു.എനിക്ക് വാക്കുകള്‍ ഇടറുന്നതും
ശബ്ദം ഇല്ലാതാകുന്നതും ഒടുവില്‍ ഞാന്‍ തന്നെ എന്‍റെ അസ്ഥിത്വത്തെ സംശയിക്കുകയും
ചെയ്യുന്ന തരത്തില്‍ മഴ എന്നിലേക്ക് വളര്‍ന്നു കഴിഞ്ഞു.
പ്രണയം എന്ന വാക്കിന്‍റെ
പൊരുള്‍ പ്രപഞ്ചത്തിന്‍റെ നാദത്തോളം തന്നെ ബൃഹത്താണെന്നു ഇപ്പോള്‍ ഞാന്‍
തിരിച്ചറിയുന്നു
മഴ എന്താണെന്നും പ്രണയം
എങ്ങനെയാണെന്നുമുള്ള അറിവ് എന്‍റെ ജീവനെ നിഷ്പ്രഭമാക്കുന്നു
ഒരു നിമിഷം കൊണ്ടുപേക്ഷിക്കാവുന്ന
ഈ നശ്വര ശരീരത്തിനപ്പുറം ആദ്യാവസാനങ്ങളില്ലാത്ത പ്രണയം തിരിച്ചറിയുമ്പോള്‍
ജന്മത്തിന്‍റെ അര്‍ത്ഥമാണ് ഞാന്‍ ഗ്രഹിക്കുന്നത്. ഗ്രഹിച്ചതെല്ലാം പ്രാപ്തമാകുവാന്‍
ഇനിയും എത്രയോ ദൂരം താണ്ടേണ്ടിയിരിക്കുന്നു.