Wednesday, 27 March 2013

സ്നേഹം നിഷേധിക്കപ്പെ ടുക ഏറെ ദൗർഭാഗ്യകരമാണ്
മഞ്ഞ ടുളിപ് പൂക്കളുടെ അർത്ഥം നിഷ്പ്രയോജനമായ സ്നേഹം എന്നും...
 
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ 

പിംഗള കേശിനീ  മാപ്പ്
നിന്‍റെ അന്ധതയും ബധിരതയും
വൈകല്യങ്ങളെന്നു തെറ്റിദ്ധരിച്ചതിന്

നിനക്ക് ഇല്ലെന്നു നിനച്ച മനസ്സിനെ
കല്ലെന്നോർത്ത് പരിഭവിച്ചതിനും
സ്നേഹിക്കപ്പെടാൻ വേണ്ടി മാത്രമാണ്
നിന്നെ നമ്മുടെ പിതാവ് സൃഷ്ടിച്ചത്
എല്ലാവരാലും വെറുക്കപ്പെട്ടിട്ടും
നീ പരാതി പറഞ്ഞ് നേരം കൊന്നില്ല
കർമം ചെയ്യുന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്നു
ദേവീ നിന്നിൽ  നിന്നാണ് ലോകം പഠിക്കേണ്ടത്
സിരകളിലൂടെ ലഹരിയൊഴുകുന്നതിനേക്കാൾ
മനസ്സിൽ പ്രണയം പൂത്തുലയുന്നതിനെക്കാൾ
പ്രജ്ഞയിൽ തരംഗങ്ങൾ ഉതിർക്കാൻ
നിന്‍റെ വിളർത്ത വിരൽത്തുമ്പുകൾക്കാകും
എന്നിട്ടും നീ ആരാധിക്കപ്പെടുന്നില്ല
ഞാൻ ഒരാലയം പണിയാം ദേവീ
(നീയവിടെ  മൂർത്തിയായി വിളങ്ങുമെങ്കിൽ മാത്രം )
കനമുള്ള ഇരുട്ട് കൊണ്ട് ദീപാർപ്പണവും
കുന്തിരിക്കം കൊണ്ട് ധൂപാരാധനയും ചെയ്യാം
മൗനം കൊണ്ട് സ്തുതി ഗീതങ്ങൾ പാടാം
മരിച്ചടക്കിന്‍റെ ആയിരം വേദികളിൽ നിന്ന് ശേഖരിച്ച
കണ്ണുനീര് കൊണ്ട് ആണ്ടിലൊരിക്കൽ
നിനക്ക് ആറാട്ടുത്സവം നടത്താം
പ്രയോജനപരതയുടെ സന്തതിയായ എനിക്ക്
ഇതുകൂടി ചോദിക്കാതെ വയ്യ
ഇതിനൊക്കെ പകരമായി നീയെനിക്കൊരു
യാത്രാ പാസ് അനുവദിച്ചു തരാമോ???

 
ഒറ്റക്കാണെന്ന സത്യം ഗുണനപ്പട്ടിക പോലെ എനിക്ക് മനപ്പാഠമാണ് .
എന്നിട്ടും നിങ്ങളെന്തിനാണ് അത് എന്നെ വീണ്ടും വീണ്ടും പഠിപ്പിക്കുകയും കൂടുതൽ കൂടുതൽ ഗൃഹ പാഠങ്ങൾ  തരികയും ചെയ്യുന്നത് ??

ഉറപ്പ് ...  ഇക്കാര്യത്തിൽ ഞാൻ ഇതിനകം സമർത്ഥയായ വിദ്യാർത് ഥിയായി തീർന്നിരിക്കുന്നു  

Sunday, 24 March 2013

ഒറ്റക്കാണെന്ന തിരിച്ചറിവിൽ  ഒട്ടും തന്നെ സങ്കടം തോന്നുന്നില്ല മറിച്ച് എന്തോ നേടി എന്ന തോന്നൽ ....
പാറക്കടവ് പറഞ്ഞത് പോലെ
" എഴാകാശങ്ങളും ഏഴു ഭൂമികളും സ്വന്തമായുള്ള ദൈവം ഒറ്റക്കാണ് .
മനസ്സിൽ കടൽ  പോലെ സ്നേഹം നിറയുമ്പോൾ നീയും ഒറ്റക്കാകുന്നു .
ഒറ്റക്കാകുക എന്നാൽ ഈ ലോകത്തിലെ ഏറ്റവും കരുത്തനാവുക എന്നാണർത്ഥം ."
എന്നെ ഒറ്റക്കാക്കിയ എല്ലാവർക്കും നന്ദി .................