Monday, 4 November 2024

കണ്ടെത്തലുകൾ

പറയണമെന്നും

കേൾക്കണമെന്നുമുള്ള നിൻ്റെ വാശി

കേൾവിയും പറച്ചിലും എൻ്റെ മതിലുകൾ തകർക്കുമെന്ന പേടി

എന്നിട്ടും സംഭവിച്ച പറച്ചിലുകൾ കേൾവികൾ

നിന്നെയും നിനക്കും അറിയാമെന്ന വിശ്വാസം

ഒരുപതിറ്റാണ്ടിൻ്റെയിപ്പുറത്തും

ഇതിനെയാണ് ഞാൻ

പ്രണയമെന്നടയാളപ്പെടുത്തുന്നത് .

Thursday, 3 October 2024

വെളിച്ചം


ഇവിടെ മുഴുവൻ വെളിച്ചമാണ്

കറുത്ത തിരശ്ശീലയായി അഹം. 

ഞാൻ അനുവദിക്കുമ്പോൾ 

വെളിച്ചം എന്നിലേക്ക് പടരുന്നു

ചുറ്റും സുഗന്ധം പരക്കുന്നു 

ഞാൻ ചിരിക്കുന്നു

Thursday, 15 August 2024

നീലയും വെള്ളയും നിറങ്ങൾ


നീല അഗാധമായ ചിന്തയാണ്

വെള്ള തെളിച്ചമുള്ള ചിന്തയാണ് 

നീലയിൽ നിന്ന് വെള്ളയിലേക്കും

വെള്ളയിൽ നിന്ന് നീലയിലേക്കും

വൃത്തത്തിലുള്ള യാത്രയാണ്

നീല തന്നെയാണ് വെള്ള എന്നറിയും വരെ

റോസാപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച കുപ്പായം

  


പൂക്കൾ ചുവന്നതായിരുന്നു

കുഞ്ഞു കുഞ്ഞുപൂക്കൾ ചിതറികിടക്കുകയായിരുന്നു

ചുവപ്പിൻ്റെ തിളക്കത്തിൽ

മൂർച്ചയുള്ള മുള്ളുകൾ മറഞ്ഞിരുന്നു

പൂക്കളെ എത്തിനോക്കുമ്പോൾ

മുള്ളുകൾ മാന്ത്രികശക്തിയാർജിച്ച് വളർന്നു

നോട്ടം തൊടുത്ത കണ്ണുകൾ വരെ വളർന്നു

കണ്ണിൽ പോറലുണ്ടായി ചോര പൊടിഞ്ഞു

റോസാപ്പൂക്കളുടെ അതേ നിറത്തിൽ

Tuesday, 9 July 2024

മെറ്റമോർഫോസിസ്

 ഒറ്റക്കുള്ളപ്പോളുള്ള വെളിപാടുകൾ

പരിചിതമാണ്

മറ്റൊരാളുടെ ഇടപെടലിലൂടെയുള്ള

വെളിപാട് പുതുതാണ്

അതിന് തെളിച്ചം കൂടുതലാണ്

അതിന് നോവിപ്പിക്കാനാവുന്ന മൂർച്ചയുണ്ട്

അതിൻ്റെ നരച്ച നിറങ്ങളിലും ചന്തമുണ്ട്

അത് എന്നെത്തന്നെ 

അറിയലാണെന്ന വെളിപാടിനൊപ്പം

 ഉള്ളിൽ കടപ്പാട് നിറയുന്നു

Thursday, 27 June 2024

നിർവചനങ്ങൾ

 നിർവചനങ്ങളുടെ മാറ്റങ്ങൾ

നമ്മെ നിർവചിക്കുമ്പോൾ

കൂട്ടെന്നാൽ ഒപ്പമുണ്ടാവൽ മാത്രമല്ല

വളരാൻ സഹായിക്കലാണ് 

വളരുകയെന്നാൽ

അറിയുകയെന്നാണ്

അറിയേണ്ടത് തന്നെത്തന്നെയാണ് 

താൻ എന്നാൽ 

നീയും നിങ്ങളും കൂടിയാണ്

ഒന്നും ഒരിക്കലും തീരുന്നില്ല

നിർവചനങ്ങളുടെ മാറ്റങ്ങളും...

Saturday, 22 June 2024

Destiny

 When the dosa batter is perfect 

When t test is significant 

When it's just the follow up sessions 

When you just missed the train 

When signal stays red for long

When there is only cold tea

When the day is slow 

When adavita unravel inside

All that felt was love...

Love and love only 


That's where the destiny is

Thursday, 20 June 2024

ഉള്ളറിയുന്ന ജോലി


ഉള്ളറിയുമെന്നും

നോവ് കാണുമെന്നും

കനവ് കേൾക്കുമെന്നും

അറിഞ്ഞു തന്നെയാണ് തുടങ്ങിയത്


മറ്റൊരാളുടെ പ്രണയത്തിൻ്റെ ഉള്ളറിയുമ്പോൾ

എനിക്കും നോവുമെന്നറിഞ്ഞില്ല

അവർ പറഞ്ഞിറങ്ങി പോയശേഷം

ഞാൻ നീറുമെന്നോർത്തില്ല


എല്ലാം അറിഞ്ഞിട്ടും 

താങ്ങായിട്ടും തലോടലായിട്ടും

ഒപ്പമുണ്ടായിട്ടും

ഞാൻ അവരുടെ 

പ്രിയപ്പെട്ട ആരുമല്ല


ഇത് ഉള്ളറിയുന്ന 

ജോലി മാത്രമാണ്

Wednesday, 19 June 2024

CC TV

 ഞങ്ങൾ ചിരിച്ചത്

പിണങ്ങിയത്

കണ്ണുതുടച്ചത്

മയങ്ങിയത്

മടുത്തു പോയത്

പേടിച്ചത്

എല്ലാം അയാൾ കണ്ടു


എന്നാൽ 

ചിരിച്ചത് പേടിച്ചിട്ടാണെന്നും

പിണങ്ങിയത് ഇഷ്ടം കൊണ്ടാണെന്നും 

കരഞ്ഞത് സന്തോഷം കൊണ്ടാണെന്നും

മടുത്തുപോയത് നിറവാണെന്നും

പേടിച്ചത് കിനാവിലാണെന്നും 

അയാളറിഞ്ഞില്ല 


ശബ്ദമില്ലാത്ത കാഴ്ചകളിൽ നേരു പാതിയെ പതിഞ്ഞുള്ളൂ

Tuesday, 4 June 2024

വിശദീകരണം

 നിന്നെ തേടാത്തത് 

നീ എന്നിലുണ്ടെന്ന അറിവിനാലാണ്

നിന്നോട് മിണ്ടാത്തത്

നീ എന്നെയും ഞാൻ നിന്നെയും

അറിയുന്നതിനാലാണ്


അത്തരം ഒരു പ്രണയം

അസാദ്ധ്യമായിരിക്കാം 


എങ്കിലും ആ തേടൽ

അർത്ഥവത്താണ്

Monday, 3 June 2024

ഉച്ചി

ഉറവ് തേടി പോയി

ഉയിര് ചോദ്യമായി

ഉത്തരം കിട്ടിയില്ല 

ഉലച്ചിൽ ബാക്കിയായി

Monday, 13 May 2024

വെളിപാട്


മുറിയുമെന്ന ഭയത്താൽ

മുനയുള്ളതെടുക്കുന്നില്ല

ഉത്തരത്തെ ഭയന്ന്

ചോദിക്കുന്നില്ല

ആകാശത്തെ ഭയന്ന്

ചിറകൊളിപ്പിക്കുന്നു

ധൈര്യം ദൃശ്യമാവാതിരിക്കാൻ

ഭയത്തെ പുതക്കുന്നു

എന്നിട്ടും നീ എന്നെ കണ്ടെത്തുന്നു

ഞാൻ വീണ്ടും അതിനെ നിഷേധിക്കുന്നു..