Thursday, 14 March 2019


എല്ലാറ്റിനും ഒരു പരിഹാരം ഉണ്ട്.

ഈ ലോകത്തുള്ള മുഴുവൻ ഒഴിവുസമയവും ഒത്തുകൂടി എന്റെ മുന്നിൽ വന്നിരിക്കുകയാണ്‌.  എന്തെങ്കിലും ചെയ്യണേ എന്ന് മർമരപ്പെട്ടു കൊണ്ട് നിമിഷങ്ങളുടെ ഒരു പ്രതിഷേധ സംഗമം. ഒന്നും ചെയ്യാനില്ലെന്ന തോന്നൽ മാത്രം തോന്നുമ്പോൾ നിമിഷങ്ങളുടെ പ്രതിഷേധം ശക്തമാകാൻ തുടങ്ങി. സമരനാടകങ്ങൾക്കൊടുവിൽ ഭാഗികമായി അനുവദിക്കപ്പെടുന്ന ആവശ്യങ്ങളെപ്പോലെ ഒരു വിട്ടുവീഴ്ചക്ക് നിമിഷങ്ങൾ തയ്യാറായില്ല. ഒരു പൂർണപങ്കാളിത്തത്തിൽ കുറഞ്ഞൊന്നും സമ്മതിക്കാൻ നിമിഷങ്ങൾ തയ്യാറായില്ല. ഉച്ചക്കിറുക്കാണോ എന്ന് പലവട്ടം പരിശോധിച്ചു.ഉറപ്പായും ഞാൻ ഉണർന്നിരിക്കുകയാണ്. ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. നിറങ്ങളെ നിറങ്ങളായും ശബ്ദങ്ങളെ ശബ്ദങ്ങളായും തന്നെ അറിയുന്നുണ്ട്. സമയം എന്നത് ബഹുവചനം ആണെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു. സമയം ഒരു വ്യക്തിയോട് സമരം ചെയ്യും എന്ന ചിന്ത തന്നെ ഒരു അഭംഗി അല്ലെ. തോന്നലുകളെ വിശകലനം ചെയ്യുന്നതാണ് ഏറ്റവും മണ്ടത്തരം. തോന്നലുകൾ തോന്നലുകളായിത്തന്നെ ഇരിക്കണം. അല്ലെങ്കിലത്‌ ഭ്രാന്താണ്. ഭ്രാന്തിനാകട്ടെ മരുന്നും ഇല്ല. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖം വന്നാൽ സഹതാപം കണ്ടു കണ്ടു മരിച്ചു പോകും. ഒറ്റപ്പെടൽ ഇല്ലാതായി കൂട്ടം ചേരൽ മാത്രമാകും. പ്രത്യാഘാതങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്, അതുകൊണ്ട് സമരത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല. അത് അരാഷ്ട്രീയതായി തെറ്റിദ്ധരിക്കപ്പെടാനും ഇടയുണ്ട്.ബ്ലോഗ് എഴുതാൻ വേണ്ടി എഴുതുന്നതല്ല. നിമിഷങ്ങളുടെ പ്രതിഷേധം അനുഭവിച്ചു ബോധ്യപ്പെട്ടതാണ്.
അങ്ങനെ ഒന്നും ചെയ്യാനില്ലാതിരുന്ന എന്റെ മുന്നിൽ പരിഹരിക്കപ്പെടാനായി ഒരു സമരം വന്നിരിക്കുന്നു.
ഒന്നും ചെയ്യാനില്ലായ്മ അങ്ങനെ പരിഹരിക്കപ്പെടുന്നു.

No comments:

Post a Comment