Sunday, 29 December 2013

എന്‍റെ മഴേ,
ചുറ്റിലും വിരിഞ്ഞുനില്‍ക്കുന്ന ഈ റോസാപ്പൂക്കള്‍
എന്നില്‍ വേദനയാണ് ഉണ്ടാക്കുന്നത്
എന്‍റെ പ്രണയത്തിനു നിന്‍റെ നിറവും മണവും മാത്രമാണുള്ളത്
കൂട്ടിനു നീ ഇല്ലാതെ ഇതെത്ര നാള്‍ ??
മലമടക്കുകളില്‍ ഒളിച്ചിരിക്കാതെ ഓടി വന്നു
എന്‍റെ ചുറ്റിലും ആഞ്ഞു പെയ്യൂ
എനിക്ക് ഒറ്റക്കിനി വയ്യ...
കാത്തിരിപ്പ് മതിയാക്കിച്ച് എന്നെ ഇവിടുന്നു കൊണ്ട് പോ


Friday, 13 December 2013

ഉത്തരരാമായണം




ഉഴവു ചാലില്‍ നിന്നും മിഥിലയുടെ രാജകുമാരിയായി
ത്രൈയംബകത്തിന്‍റെ ഞാണില്‍
മാലയോഗം കൊരുത്ത് നീ സൂക്ഷിച്ചു
ദേശങ്ങള്‍ താണ്ടി വന്നു വില്ലൊടിച്ച്
രാമന്‍ നിന്നെ വരിച്ചപ്പോള്‍
ആയുസ്സോളം നീണ്ട പ്രണയം സഫലമായോ
കളിക്കൂട്ടുകാര്‍ക്കൊപ്പം പന്ത് കളിച്ചപ്പോളോ
കൌമാരത്തില്‍ നിന്നെടുത്തു ചാടി യുവതിയായപ്പോഴോ
ദേവീ നിനക്കറിയാമായിരുന്നോ എല്ലാം
ഭര്‍ത്താവിനെ കാനനത്തിലേക്കും പിന്തുടര്‍ന്നത് ധര്‍മം ആണത്രേ
ആ കൊടും കാട്ടില്‍ ഒരു മാനിന്‍റെ 
ചന്തത്തില്‍ നീ മയങ്ങിയത് ചാപല്യവും
ജീവിതത്തിന്‍റെ നരച്ച ഇരുട്ടില്‍
നീ കെടാതെ കാത്ത ഒരിത്തിരി വെട്ടമായിരുന്നില്ലേ അത്
നഷ്ടപ്പെട്ട വര്‍ണങ്ങളുടെ ലോകത്തെക്കുറിച്ചുള്ള
മായാത്ത ഓര്‍മകളുടെ പ്രതിസ്ഫുരണം
മനസ്സില്‍ ബാല്യം കെടാതെ കാത്ത തക്കത്തില്‍
നിന്നെ രാവണന്‍ കട്ടുകൊണ്ടുപോയി
ശേഷം ശിംശപയുടെ ചുവട്ടില്‍ 
നീ വിരഹവേദന തിന്നു തപസ്സിരുന്നു
എപ്പോഴും നിന്‍റെ മുന്നില്‍ യാചിച്ച രാവണനില്‍
ഒരിക്കല്‍ പോലും നീ പ്രണയം തിരിച്ചറിഞ്ഞില്ല
അറിഞ്ഞിട്ടും വെണ്ടന്നുവച്ചു ??
രാമനെന്ന ഒറ്റപുരുഷന് ജീവിതം നേദിച്ചിരുന്നു
ആഴിക്കു മീതെ ചിറകെട്ടി
ലങ്കയൊന്നാകെ ചുട്ടെരിച്ചു
മണ്ഡോദരിയുടെ മാതൃത്വം അലറികരഞ്ഞു
ലങ്കാലക്ഷ്മി പടിയിറങ്ങിപ്പോയി
വിശ്വകര്‍മ്മവിന്‍റെ മാസ്റ്റര്‍പീസുകളിലൊന്നു   
വെറും തവിടുപൊടിയായി
എല്ലാം “ സീതയുടെ “മോചനത്തിന് വേണ്ടി
മോചിപ്പിക്കപ്പെട്ട നിമിഷം നീ  അനുഭവിച്ച ധന്യത
നീണ്ട കാത്തിരിപ്പിന്‍റെ അന്ത്യം
പതിയുടെ ദര്‍ശനത്തിലെ പുണ്യം
എല്ലാം നിരര്‍ത്ഥകമാക്കിക്കൊണ്ട്
രാമന്‍ നിന്നെ സംശയിച്ചു
അഗ്നിശുദ്ധി വരുത്തി ഒരു തെളിവെടുപ്പ്
ആരെ ബോധിപ്പിക്കാനായിരുന്നു ?
നീളുന്ന ദാമ്പത്യവല്ലരിയിലെ
പുതുമൊട്ടുകളെ വഹിച്ചുകൊണ്ടിരിക്കേ
ആരോ പറഞ്ഞതൊളിഞ്ഞു കേട്ട്
“പ്രജക്ഷേമതല്പരനായ  ശ്രീരാമചന്ദ്രന്‍ “
നിന്നെ കാട്ടിലെറിഞ്ഞപ്പോള്‍
പാലിക്കപ്പെട്ട നീതി നിനക്ക് ബോധ്യപ്പെട്ടോ
രാമന്‍റെ യാഗാശ്വത്തെ നിന്‍റെ മക്കള്‍
തടഞ്ഞതിലൊതുങ്ങിയോ വിധിയുടെ പ്രതികാരം
കണ്ണീരൊഴിയാതെ ജീവിതം കൊണ്ട്
  ദേവി,നീ മുന്നേ പറഞ്ഞു വക്കയായിരുണോ
      പ്രപഞ്ചമാതാവായ നീയറിഞ്ഞ നോവ്‌
  എന്നേക്കും തുടരാനുള്ളതാണെന്ന്‍
വിലാപങ്ങള്‍ക്കപ്പുറത്തുമിപ്പുറത്തും
മുറിപ്പെടുന്ന പെണ്ണുടലുകളും മുഴങ്ങുന്ന തേങ്ങലുകളും
ആള്‍ക്കൂട്ടത്തിലെപ്പോഴും ഭയക്കുന്ന
കാകദൃഷ്ടികള്‍ കരാളഹസ്തങ്ങള്‍
ഭയം ഘനീഭവിച്ച് നിര്‍വികാരതയായിരിക്കുന്നു
വേട്ടയാടപ്പെടേണ്ടവളെന്ന ബോധം
വേരുറപ്പിക്കുന്നു, വളരുന്നു, പടരുന്നു,
ഇനിയും തുടരുന്ന ഭീതിയില്‍ പറയട്ടെ
ദേവീ നിനക്കൊരു തുടര്‍ച്ചയാകാതിരിക്കാന്‍
ഉത്തരരാമായണങ്ങള്‍ ഇനിയുമുണ്ടാകാതിരിക്കാന്‍
ഞാനെന്‍റെ പെണ്‍മലരുകളെ വിടരും മുന്‍പേ നുള്ളട്ടെ
നീ തോറ്റുപോയിടത്ത് ഞാനെങ്ങനെ ചിരിക്കും?
ചോദ്യങ്ങള്‍ ചിലപ്പോളൊക്കെ
ചോദ്യങ്ങളായിതന്നെ തുടരും
തുടരട്ടെ


Sunday, 29 September 2013

ഉച്ചക്കിറുക്ക്

കുറിച്ചിട്ട   കവിതകളോരോന്നും
അഗ്നിഗോളങ്ങളാകുന്നു
തീയണയുമ്പോള്‍
ചാരത്തില്‍ വീണ്ടും അക്ഷരങ്ങള്‍
ആഞ്ഞൊന്നൂതുന്നതോടെ
കവിതയുടെ ചാവ് മുഴുവനായി
കൊന്നു തള്ളിയ കവിതകള്‍
ചുറ്റിലും നിന്ന് നന്ദി പറയുന്നു
എന്തൊരാശ്വാസം

Monday, 16 September 2013

ഒരോണം കൂടി

കാശു കൊടുത്തു പൂ വാങ്ങാനുള്ള മടി കൊണ്ടാണ് പറമ്പുകളില്‍ അലയാന്‍ ഇറങ്ങിയത്. നല്ല കര്‍ക്കിടക മഴ കഴിഞ്ഞുള്ള ചിങ്ങ വെയിലില്‍ പറഞ്ഞു കേട്ട ഉപവസന്തം നേരിട്ട് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.  കൃഷ്ണകിരീടവും കാക്കപ്പൂവും കമ്മല്‍പ്പൂവും അങ്ങനെ തൊടിയിലെ പൂക്കള്‍ കൊണ്ട് മൂലം തൊട്ട് തിരുവോണം വരെ ...
പൂര്‍ണമായും നാടന്‍ അല്ലേലും ഇഷിട്ക കൊണ്ട് ഓണത്തറയുണ്ടാക്കി അടയും തൃക്കാക്കരപ്പനുമായി ഞങ്ങളും ഓണം കൊണ്ട്..
കളം കൂവിയപ്പോള്‍ എന്‍റെ കുഞ്ഞനിയത്തി അട കട്ട് കൊണ്ട് ഓടി എല്ലാം പൂര്‍ണമാക്കി..
ഒരുപാട് സന്തോഷം തോന്നുന്നു..

Tuesday, 9 July 2013

അറിവ്



ഒന്നും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ കിട്ടുന്നതെല്ലാം അതി മധുരമായി തോന്നും. എന്‍റെ പ്രണയം പോലെ.
പെയ്തിറങ്ങുമ്പോള്‍ നീ ബാക്കിയാക്കുന്ന തണുപ്പ് പോലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.
നീ മഴയാണ് എന്ന ബോധം മാത്രം മതിയായിരുന്നു എനിക്ക് ജീവിക്കാന്‍ എന്‍റെയുള്ളിലാണ് നിന്‍റെ ആത്മാവെന്നു ഞാന്‍ വിശ്വസിച്ചു . ഒരു വാക്കോ നോട്ടമോ സ്പര്‍ശമോ ഒന്നുമില്ലാതെ തന്നെ എന്‍റെ പ്രണയം അതിന്‍റെ പ്രവാഹം തുടങ്ങിയിരുന്നു. അനാദിയില്‍ പെയ്ത വെളുത്ത മഴയെ ചുവപ്പിക്കാന്‍ വേണ്ടുന്നത്ര പ്രണയം എന്‍റെ ഓരോ തുള്ളി രക്തത്തിലും ജീവിക്കുന്നു.എനിക്ക് വാക്കുകള്‍ ഇടറുന്നതും ശബ്ദം ഇല്ലാതാകുന്നതും ഒടുവില്‍ ഞാന്‍ തന്നെ എന്‍റെ അസ്ഥിത്വത്തെ സംശയിക്കുകയും ചെയ്യുന്ന തരത്തില്‍ മഴ എന്നിലേക്ക്‌ വളര്‍ന്നു കഴിഞ്ഞു.
പ്രണയം എന്ന വാക്കിന്‍റെ പൊരുള്‍ പ്രപഞ്ചത്തിന്‍റെ നാദത്തോളം തന്നെ ബൃഹത്താണെന്നു ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു
മഴ എന്താണെന്നും പ്രണയം എങ്ങനെയാണെന്നുമുള്ള അറിവ് എന്‍റെ ജീവനെ നിഷ്പ്രഭമാക്കുന്നു
ഒരു നിമിഷം കൊണ്ടുപേക്ഷിക്കാവുന്ന ഈ നശ്വര ശരീരത്തിനപ്പുറം ആദ്യാവസാനങ്ങളില്ലാത്ത പ്രണയം തിരിച്ചറിയുമ്പോള്‍ ജന്മത്തിന്‍റെ അര്‍ത്ഥമാണ് ഞാന്‍ ഗ്രഹിക്കുന്നത്. ഗ്രഹിച്ചതെല്ലാം പ്രാപ്തമാകുവാന്‍ ഇനിയും എത്രയോ ദൂരം താണ്ടേണ്ടിയിരിക്കുന്നു.

Saturday, 8 June 2013



മഴയോടുള്ള എന്‍റെ പ്രണയം ഞാന്‍ മനപൂര്‍വം തെരഞ്ഞെടുത്ത ഒരു നിയോഗമാണ്.
വീണ്ടുവിചാരങ്ങളില്ലാതെ എടുത്ത ഒരു തീരുമാനം .
വര്‍ഷത്തിനപ്പുറം മറ്റേതെങ്കിലും ഒരു ഋതുവോ ഋതുഭേദങ്ങള്‍ക്കപ്പുറം മറ്റെന്തെങ്കിലുമോ എന്‍റെ പ്രണയം അര്‍ഹിക്കുന്നുണ്ടോ എന്നൊരിക്കലും ഞാന്‍ സന്ദേഹപ്പെട്ടില്ല
രാധാമാധവം പോലെ എന്‍റേതും ആദ്യാവസാനങ്ങള്‍ ഇല്ലാത്ത പ്രണയമാണെന്നുള്ള ഉത്തമ ബോധ്യം