Friday, 13 December 2013

ഉത്തരരാമായണം




ഉഴവു ചാലില്‍ നിന്നും മിഥിലയുടെ രാജകുമാരിയായി
ത്രൈയംബകത്തിന്‍റെ ഞാണില്‍
മാലയോഗം കൊരുത്ത് നീ സൂക്ഷിച്ചു
ദേശങ്ങള്‍ താണ്ടി വന്നു വില്ലൊടിച്ച്
രാമന്‍ നിന്നെ വരിച്ചപ്പോള്‍
ആയുസ്സോളം നീണ്ട പ്രണയം സഫലമായോ
കളിക്കൂട്ടുകാര്‍ക്കൊപ്പം പന്ത് കളിച്ചപ്പോളോ
കൌമാരത്തില്‍ നിന്നെടുത്തു ചാടി യുവതിയായപ്പോഴോ
ദേവീ നിനക്കറിയാമായിരുന്നോ എല്ലാം
ഭര്‍ത്താവിനെ കാനനത്തിലേക്കും പിന്തുടര്‍ന്നത് ധര്‍മം ആണത്രേ
ആ കൊടും കാട്ടില്‍ ഒരു മാനിന്‍റെ 
ചന്തത്തില്‍ നീ മയങ്ങിയത് ചാപല്യവും
ജീവിതത്തിന്‍റെ നരച്ച ഇരുട്ടില്‍
നീ കെടാതെ കാത്ത ഒരിത്തിരി വെട്ടമായിരുന്നില്ലേ അത്
നഷ്ടപ്പെട്ട വര്‍ണങ്ങളുടെ ലോകത്തെക്കുറിച്ചുള്ള
മായാത്ത ഓര്‍മകളുടെ പ്രതിസ്ഫുരണം
മനസ്സില്‍ ബാല്യം കെടാതെ കാത്ത തക്കത്തില്‍
നിന്നെ രാവണന്‍ കട്ടുകൊണ്ടുപോയി
ശേഷം ശിംശപയുടെ ചുവട്ടില്‍ 
നീ വിരഹവേദന തിന്നു തപസ്സിരുന്നു
എപ്പോഴും നിന്‍റെ മുന്നില്‍ യാചിച്ച രാവണനില്‍
ഒരിക്കല്‍ പോലും നീ പ്രണയം തിരിച്ചറിഞ്ഞില്ല
അറിഞ്ഞിട്ടും വെണ്ടന്നുവച്ചു ??
രാമനെന്ന ഒറ്റപുരുഷന് ജീവിതം നേദിച്ചിരുന്നു
ആഴിക്കു മീതെ ചിറകെട്ടി
ലങ്കയൊന്നാകെ ചുട്ടെരിച്ചു
മണ്ഡോദരിയുടെ മാതൃത്വം അലറികരഞ്ഞു
ലങ്കാലക്ഷ്മി പടിയിറങ്ങിപ്പോയി
വിശ്വകര്‍മ്മവിന്‍റെ മാസ്റ്റര്‍പീസുകളിലൊന്നു   
വെറും തവിടുപൊടിയായി
എല്ലാം “ സീതയുടെ “മോചനത്തിന് വേണ്ടി
മോചിപ്പിക്കപ്പെട്ട നിമിഷം നീ  അനുഭവിച്ച ധന്യത
നീണ്ട കാത്തിരിപ്പിന്‍റെ അന്ത്യം
പതിയുടെ ദര്‍ശനത്തിലെ പുണ്യം
എല്ലാം നിരര്‍ത്ഥകമാക്കിക്കൊണ്ട്
രാമന്‍ നിന്നെ സംശയിച്ചു
അഗ്നിശുദ്ധി വരുത്തി ഒരു തെളിവെടുപ്പ്
ആരെ ബോധിപ്പിക്കാനായിരുന്നു ?
നീളുന്ന ദാമ്പത്യവല്ലരിയിലെ
പുതുമൊട്ടുകളെ വഹിച്ചുകൊണ്ടിരിക്കേ
ആരോ പറഞ്ഞതൊളിഞ്ഞു കേട്ട്
“പ്രജക്ഷേമതല്പരനായ  ശ്രീരാമചന്ദ്രന്‍ “
നിന്നെ കാട്ടിലെറിഞ്ഞപ്പോള്‍
പാലിക്കപ്പെട്ട നീതി നിനക്ക് ബോധ്യപ്പെട്ടോ
രാമന്‍റെ യാഗാശ്വത്തെ നിന്‍റെ മക്കള്‍
തടഞ്ഞതിലൊതുങ്ങിയോ വിധിയുടെ പ്രതികാരം
കണ്ണീരൊഴിയാതെ ജീവിതം കൊണ്ട്
  ദേവി,നീ മുന്നേ പറഞ്ഞു വക്കയായിരുണോ
      പ്രപഞ്ചമാതാവായ നീയറിഞ്ഞ നോവ്‌
  എന്നേക്കും തുടരാനുള്ളതാണെന്ന്‍
വിലാപങ്ങള്‍ക്കപ്പുറത്തുമിപ്പുറത്തും
മുറിപ്പെടുന്ന പെണ്ണുടലുകളും മുഴങ്ങുന്ന തേങ്ങലുകളും
ആള്‍ക്കൂട്ടത്തിലെപ്പോഴും ഭയക്കുന്ന
കാകദൃഷ്ടികള്‍ കരാളഹസ്തങ്ങള്‍
ഭയം ഘനീഭവിച്ച് നിര്‍വികാരതയായിരിക്കുന്നു
വേട്ടയാടപ്പെടേണ്ടവളെന്ന ബോധം
വേരുറപ്പിക്കുന്നു, വളരുന്നു, പടരുന്നു,
ഇനിയും തുടരുന്ന ഭീതിയില്‍ പറയട്ടെ
ദേവീ നിനക്കൊരു തുടര്‍ച്ചയാകാതിരിക്കാന്‍
ഉത്തരരാമായണങ്ങള്‍ ഇനിയുമുണ്ടാകാതിരിക്കാന്‍
ഞാനെന്‍റെ പെണ്‍മലരുകളെ വിടരും മുന്‍പേ നുള്ളട്ടെ
നീ തോറ്റുപോയിടത്ത് ഞാനെങ്ങനെ ചിരിക്കും?
ചോദ്യങ്ങള്‍ ചിലപ്പോളൊക്കെ
ചോദ്യങ്ങളായിതന്നെ തുടരും
തുടരട്ടെ


No comments:

Post a Comment