ഏറെ നീണ്ട ഒരു വിരഹം .പാതി
വഴിയില്‍ പരിഭവം അവസാനിപ്പിച്ച് മഴ എന്നെ തേടി വരുമെന്ന പ്രതീക്ഷയില്‍ വെയിലിനെ
ഞാന്‍ വെറുതെ നോക്കിക്കൊണ്ടിരുന്നു. സ്നേഹം എല്ലാത്തിനും മീതെ വളര്‍ന്നു
പന്തലിച്ചിരുന്നു.പെയ്യാത്ത മഴക്കായുള്ള കാത്തിരുപ്പ് എന്നില്‍ അല്പം പോലും ദേഷ്യം
ഉണ്ടാക്കിയില്ല. കാത്തിരുപ്പിനു ശാന്തത ഒരു തരം ധ്യാനത്തിന്‍റെ ഭാവം നല്‍കി.എന്നായാലും
മഴ പെയ്യും എന്ന വിശ്വാസത്തില്‍ മനസ്സ് അചഞ്ചലമായിരുന്നു .ആ നിമിഷം ഏറെ
നേരത്തെയായാലും ഏറെ വൈകിയാലും ഞാന്‍ അതില്‍ പൂര്‍ണ തൃപ്തയുമായിരുന്നു.
എന്നിട്ടും മഴ എന്നോട്
അരിശപ്പെട്ടുകൊണ്ടിരുന്നു. വലിയ കാറ്റ് ആഞ്ഞു വീശിയപ്പോള്‍ മഴ എത്തി എന്ന്
തെറ്റിദ്ധരിച്ച് ഞാന്‍ ഓടി മുറ്റത്തെത്തി. നിലാവിനെ മായ്ച്ചു കളയുന്ന കുറെ ഇരുണ്ട മേഘങ്ങള്‍ മാത്രമായി മഴക്കെന്നോടുള്ള അരിശം
ചുറ്റിലും പരന്നു കിടന്നു. ആ ഗര്‍വിന്‍റെ ഭാവത്തെ ഒരു പുഞ്ചിരിയോടെയാണ് ഞാന്‍
നോക്കിയത്.
എന്‍റെ മാത്രമായ മഴ,
എന്നോടല്ലാതെ വേറെ ആരോട് പരിഭവം കാണിക്കും എന്ന ബോധമാണ് എന്നില്‍ നിറഞ്ഞു നിന്നത്.
എത്രയേറെ വാശി കാണിച്ചാലും
ഒടുവില്‍ എന്‍റെയടുത്തെതാതിരിക്കാന്‍ മഴക്ക് കഴിയില്ലെന്നുറപ്പിച്ച് പറയാന്‍
എനിക്കാകും .
ഇലത്തുമ്പുകളിലും
ഇറക്കാലിയിലും പെയ്തിറങ്ങുന്ന മഴക്കായി ഞാന്‍ ജാലകങ്ങള്‍ തുറന്നിട്ടു .
എന്നത്തേയും പോലെ അഴിച്ചു
പരത്തിയിട്ട മുടിയും മഷിയെഴുതിയ കണ്ണുകളും കുപ്പിവളകള്‍ അണിഞ്ഞ കൈകളുമായി രാത്രി
മുഴുവന്‍ ഞാന്‍ മഴയെ കാത്തിരുന്നു.
മഴയാകട്ടെ എന്നോട് പിണങ്ങി
ഏതോ മലഞ്ചെരിവുകളില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ഞാന്‍ ഇവിടെ കടല്‍തീരത്ത്
അനാദിയായ പ്രണയത്തിന്‍റെ തപസ്സിലും.......
*********************************************************************************************************
ഒട്ടും തന്നെ പരിഭവം
കാട്ടാതെ മനസ്സ് നിറയെ സ്നേഹവുമായാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത് .ഇടക്കെപ്പോഴെങ്കിലും
മഴ എന്നെ കാണാനെത്തുമെന്ന്‍ പ്രതീക്ഷിക്കാനോ പ്രതീക്ഷിക്കാതിരിക്കാനോ ഞാന്‍ മുതിര്‍ന്നില്ല.
ആശയുണ്ടായിട്ടും ഒന്നും സംസാരിക്കാനും മുതിര്‍ന്നില്ല. മനസ്സ് ഏറെ പാകപ്പെട്ട
അവസ്ഥയിലായിരുന്നു. പലപ്പോഴും നിയന്ത്രണമില്ലാതെ കുതിച്ചു പായാറുള്ള എന്‍റെ
മനസ്സും ബുദ്ധിയും മഴയ്ക്ക് വേണ്ടി ഏറെ പക്വമായി നിലകൊണ്ടു..
പക്ഷേ സ്നേഹത്തിനു ആ പാകത
ഉണ്ടായില്ല. ഒരു അണക്കെട്ടിലെന്ന പോലെ അടങ്ങി കിടക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും
സ്നേഹം ആര്‍ത്തലച്ച് ഒഴുകുന്ന നദിയെ പോലെ പാഞ്ഞു കൊണ്ടിരുന്നു. മലമുകളില്‍ ഒളിച്ചിരുന്ന
മഴയാകട്ടെ ആ നദിയെ കണ്ടില്ലെന്ന ഭാവത്തില്‍ തിരിഞ്ഞിരുന്നു.
എന്‍റെ പ്രനയമാകട്ടെ
നിശബ്ദം ഒഴുകിപ്പടര്‍ന്നുകൊണ്ടേയിരുന്നു. മലയുടെ താഴ്വാരങ്ങളില്‍ നിന്നും
ഉന്നതങ്ങളിലേക്ക് പ്രണയം വ്യാപിച്ചു. മഴയുടെ കാല്‍ക്കീഴില്‍ വില്യം കൊല്ലാനുള്ള
വെമ്പലോടെ അണഞ്ഞ എന്നെ മഴ ചവിട്ടിയെറിഞ്ഞു. മഴയുടെ ദേഷ്യത്തിന്‍റെ എല്ലാ പ്രകടഭാവങ്ങള്‍ക്ക്
മുന്നിലും ഞാന്‍ നിസ്സംഗത പാലിച്ചു കൊണ്ടേയിരുന്നു.
എനിക്ക് മഴ എന്നാല്‍ എന്‍റെ
പ്രണയം തന്നെയാണ്.
എന്‍റെ പ്രണയം എന്‍റെ ജീവന്‍
തന്നെയും .
അതില്ലെങ്കില്‍ ഞാന്‍
ഇല്ലാതാവും
ഞാനുള്ളിടത്തോളം എന്‍റെ
പ്രണയവും ഉണ്ടാകും. മഴക്കെപ്പോഴും വന്നണയാനുള്ള ഒരു മടിത്തട്ടായി
എന്നില്‍ പ്രണയം
നിറയുമ്പോള്‍ ഒരു അമ്മയെപ്പോലെ ഞാന്‍ നിഷ്കളങ്കയാകുന്നു.ഉള്ളില്‍ സ്നേഹം മാത്രം
നിറയുന്നു.സ്ത്രീമനസ്സിനു ഇത്രയേറെ പാകപ്പെടാനാകുമെന്ന തിരിച്ചറിവില്‍ ഞാന്‍
അമ്പരക്കുകയും ചെയ്തു.
രാതിയേറെ വൈകി മഴ
പെയ്തിരുന്നു.. ചുറ്റിലുള്ള എല്ലാത്തിനെയും കുളിര്‍പ്പിച്ചു കൊണ്ട് ഒരു നനുത്ത
മഴ.. ഉറങ്ങുന്ന എന്നെ ജാലകവാതിലിലൂടെ നോക്കിക്കണ്ട് മഴ മിണ്ടാതെ പോയ്കളഞ്ഞു .
പുലര്‍ച്ചക്ക് നനുത്ത
മണ്ണും ഇലത്തുമ്പുകളും എന്നോട് പറഞ്ഞു...
“ നിന്‍റെ പ്രണയം മഴ
അറിയുന്നുണ്ട്... നിന്നെ പ്രണയിക്കുന്നുമുണ്ട്.... “
No comments:
Post a Comment