Wednesday, 27 March 2013

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ 

പിംഗള കേശിനീ  മാപ്പ്
നിന്‍റെ അന്ധതയും ബധിരതയും
വൈകല്യങ്ങളെന്നു തെറ്റിദ്ധരിച്ചതിന്

നിനക്ക് ഇല്ലെന്നു നിനച്ച മനസ്സിനെ
കല്ലെന്നോർത്ത് പരിഭവിച്ചതിനും
സ്നേഹിക്കപ്പെടാൻ വേണ്ടി മാത്രമാണ്
നിന്നെ നമ്മുടെ പിതാവ് സൃഷ്ടിച്ചത്
എല്ലാവരാലും വെറുക്കപ്പെട്ടിട്ടും
നീ പരാതി പറഞ്ഞ് നേരം കൊന്നില്ല
കർമം ചെയ്യുന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്നു
ദേവീ നിന്നിൽ  നിന്നാണ് ലോകം പഠിക്കേണ്ടത്
സിരകളിലൂടെ ലഹരിയൊഴുകുന്നതിനേക്കാൾ
മനസ്സിൽ പ്രണയം പൂത്തുലയുന്നതിനെക്കാൾ
പ്രജ്ഞയിൽ തരംഗങ്ങൾ ഉതിർക്കാൻ
നിന്‍റെ വിളർത്ത വിരൽത്തുമ്പുകൾക്കാകും
എന്നിട്ടും നീ ആരാധിക്കപ്പെടുന്നില്ല
ഞാൻ ഒരാലയം പണിയാം ദേവീ
(നീയവിടെ  മൂർത്തിയായി വിളങ്ങുമെങ്കിൽ മാത്രം )
കനമുള്ള ഇരുട്ട് കൊണ്ട് ദീപാർപ്പണവും
കുന്തിരിക്കം കൊണ്ട് ധൂപാരാധനയും ചെയ്യാം
മൗനം കൊണ്ട് സ്തുതി ഗീതങ്ങൾ പാടാം
മരിച്ചടക്കിന്‍റെ ആയിരം വേദികളിൽ നിന്ന് ശേഖരിച്ച
കണ്ണുനീര് കൊണ്ട് ആണ്ടിലൊരിക്കൽ
നിനക്ക് ആറാട്ടുത്സവം നടത്താം
പ്രയോജനപരതയുടെ സന്തതിയായ എനിക്ക്
ഇതുകൂടി ചോദിക്കാതെ വയ്യ
ഇതിനൊക്കെ പകരമായി നീയെനിക്കൊരു
യാത്രാ പാസ് അനുവദിച്ചു തരാമോ???

 

No comments:

Post a Comment